
വിജയരാഘവൻ പിബിയിലേക്ക്, വി എസ് ഇനി ക്ഷണിതാവുമല്ല
സിപിഎം പിബിയിലേക്ക് മുൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ എത്തിയേക്കുമെന്ന് ആണ് പുതിയ സൂചനകൾ വരുന്നത്. പൊളിറ്റ് ബ്യൂറോയിൽ നിന്നും എസ് രാമചന്ദ്രൻപിള്ള ഒഴിയുന്ന ഒഴിവിലേക്കാണ് എൽഡിഎഫ് കൺവീനർ എത്തുമെന്ന റിപ്പോർട്ട്.മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, എസ് രാമചന്ദ്രൻപിള്ള എന്നിവരാണ് നിലവിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ. കണ്ണൂരിൽ നടക്കുന്ന പ്രായമാനദണ്ഡം 75 വയസ്സ് ബാധകമാക്കിയതോടെയാണ് എസ്ആർപി ഒഴിയുന്നത് എന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, എസ്ആർപി കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാകുമെന്നും റിപ്പോർട്ടുണ്ട്. സൂര്യകാന്ത് മിശ്രയും ബീമൻ ബസുവുമാണ് പിബിയിൽ നിന്നും ഒഴിവാകുന്ന മറ്റ് രണ്ട് പ്രമുഖർ.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ് പിന്നിട്ടുവെങ്കിലും പിബിയിൽ തുടരും. അദ്ദേഹത്തിന് പുറമെ, കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും പിബിയിൽ തുടരുമെന്നാണ് റിപ്പോർട്ട്.എ വിജയരാഘവൻ പിബിയിലേക്ക് എത്തിയാൽ എൽജിഎഫിന് പുതിയ കൺവീനറുണ്ടായേക്കും. ഈ പദവിയിലേക്ക് എ കെ ബാലനേയോ ഇ പി ജയരാജനേയോ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്നും പ്രത്യേക ക്ഷണിതാക്കൾ അടക്കം കേന്ദ്ര കമ്മിറ്റിയിൽ 18 അംഗങ്ങളാണുള്ളത്. പാലോളി മുഹമ്മദ് കുട്ടിയും വി എസ് അച്യുതാനന്ദനുമാണ് പ്രത്യേക ക്ഷണിതാക്കൾ. പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയ നേതാവ് എന്ന നിലയിൽ വി എസിനെ ക്ഷണിതാവായി നിലനിർത്തുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും പാലോളി സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ മാറിയേക്കും. പ്രായം തന്നെയാണ് ഇരുനേതാക്കൾക്കും വിലങ്ങു തടിയാകുന്നത്. പി കരുണാകരന് 77 വയസും വൈക്കം വിശ്വന് 83 വയസുമാണ് പ്രായമുള്ളത്. മറ്റൊരു നേതാവ് മുൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ആണ്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ പേരും കേന്ദ്ര കമ്മിറ്റിയിലേക്ക് സാധ്യതയുണ്ടെന്ന് കരുതുന്നു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ, എ കെ ബാലൻ, എം വി ഗോവിന്ദൻ, ഇപി ജയരാജൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ടി എം തോമസ് ഐസക്ക്, എളമരം കരീം, കെ രാധാകൃഷ്ണൻ, എം എ ബേബി എന്നിവർ തുടരും.
ഏപ്രിൽ ആറ് മുതൽ 10 വരെയാണ് കണ്ണൂരിൽ 23-ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്.
Video Link