
സ്വന്തം കണ്ണിലെ കോല് കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് തേടി സി പി എം.
ഉപാധികള്‍വെച്ച് കോണ്‍ഗ്രസിനെ ബി ജെ പിവിരുദ്ധ മുന്നണിയിലെടുക്കാമെന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനെ വിമരര്ശിച്ചെഴുതിയിരിക്കുകയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയലില്‍ , മലര്‍പ്പൊടിക്കാരന്റെ സ്വപ്നംപോലെ മിഥ്യാധാരണകളാണ് സിപിഎമ്മിനെന്നാണ് വീക്ഷണം കുറിക്കുന്നത് കോണ്‍ഗ്രസിന്റെ ശക്തിക്ഷയത്തെയും പരാജയത്തെയും അവസാന പ്രളയനാളിന്റെ സൂചനകളായാണ് സി പി എം വിലയിരുത്തുന്നതെങ്കില്‍ അത് ബി ജെ പിയൊഴികെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണ്.
മൂന്നില്‍ രണ്ടും നാലില്‍ മൂന്നും സീറ്റുകളോടെ പശ്ചിമബംഗാളില്‍ മൂന്നര പതിറ്റാണ്ടുകളും ത്രിപുരയില്‍ രണ്ട് ദശാബ്ദങ്ങളും അധികാരത്തിലേറി ഭരണത്തിന്റെ തുടര്‍ച്ചകള്‍ ഏറെ കൈവരിച്ച പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ സി പി എം കാലിടറി വീണു. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാമെന്നുള്ള വിശ്വാസത്തോടെ സി പി എം അണികളുടെ ആത്മവീര്യം തകരാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 2016-ല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാവുകയും 2021-ലെ തെരഞ്ഞെടുപ്പില്‍ ഒരു കമ്മ്യൂണിസ്റ്റ് എം എല്‍ എപോലും ഇല്ലാത്ത നിയമസഭ ബംഗാളികള്‍ക്ക് കാണേണ്ടിവന്നു. സി പി എം ഏറ്റവും ശക്തമായിരുന്ന ത്രിപുരയിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. ഈ അവസ്ഥയില്‍ ബലക്ഷയം സംഭവിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ചാപ്പകുത്തി മാറ്റിനിര്‍ത്തുന്ന സി പി എം സ്വന്തം മുഖത്തിന്റെ വൈകൃതവും ശരീരത്തിന്റെ ശോഷിപ്പും കാണാതെ പോവുകയാണ്.
നിലവില്‍ ലോക്സഭയില്‍ ആകെയുള്ള മൂന്നില്‍ രണ്ട് സീറ്റുകളും ഡി എം കെയുടെ കാരുണ്യംകൊണ്ട് ലഭിച്ചതാണ്. 2004-ല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ (43) ലോക്സഭാംഗങ്ങളെ വിജയിപ്പിച്ച സി പി എം 2009-ല്‍ 16 സീറ്റുകളിലേക്ക് കുത്തനെ നിലംപതിച്ചു. 2019-ല്‍ അത് മൂന്നായി പിന്നെയും ചുരുങ്ങി. ഈ പരമദയനീയ അവസ്ഥയിലാണ് സി പി എം കോണ്‍ഗ്രസിനെ ചികിത്സിക്കാനും സാരോപദേശം നല്‍കാനും ശ്രമിക്കുന്നത്. പല ലോക്സഭാ തെരഞ്ഞെടുപ്പുകളിലും അഞ്ചോ അതിനടുത്തോ ശതമാനം വോട്ടുകള്‍ നേടിയിരുന്ന സി പി എം ഇപ്പോള്‍ 1.73 ശതമാനത്തിലാണ് നില്‍ക്കുന്നത്. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുകവഴി ദുര്‍ബലതയില്‍ നിന്ന് ദുര്‍ബലതയിലേക്ക് പതിക്കുന്ന സി പി എമ്മിന് കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിയാന്‍ ഏറെക്കാലം വേണ്ടിവരും. നെഹ്റു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സായുധവിപ്ലവത്തിന്റെ പാത സ്വീകരിച്ചത് മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കളങ്കിതമായ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈനീട്ടി വാങ്ങിയത്.
പിന്നീട് ജനസംഘം, സ്വതന്ത്രപാര്‍ട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളുമായി കൂട്ടുചേര്‍ന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ വീഴ്ചകളായിരുന്നു. 1996-ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കേണ്ട എന്ന തീരുമാനം മറ്റൊരു മണ്ടന്‍ തീരുമാനമായിരുന്നു. ചരിത്രപരമായ മണ്ടത്തരം എന്നായിരുന്നു ജ്യോതിബസു അതിനെക്കുറിച്ച് പറഞ്ഞത്. 2004-ല്‍ ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയുമായുള്ള ആണവക്കരാറിനെ ചൊല്ലി മുന്നണി വിട്ടതും മണ്ടത്തരത്തിന്റെ ആവര്‍ത്തനമായിരുന്നു. തോന്നേണ്ട ബുദ്ധി തോന്നേണ്ട ഘട്ടത്തില്‍ തോന്നിയില്ലെങ്കില്‍ അതിനെ ബുദ്ധിയെന്നല്ല പറയുക, വിഡ്ഢിത്തം എന്നായിരിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സി പി എം ഐക്യം ലാഭക്കച്ചവടമല്ല. ഒരു സംസ്ഥാനത്തും ബി ജെ പിയെ തോല്‍പ്പിക്കാന്‍ ഇടത് വോട്ടുകള്‍ ലഭ്യമല്ല.
ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും സാന്നിധ്യമറിയിക്കുന്ന പാര്‍ട്ടിയായി സി പി എമ്മിന് ഉയരാന്‍ സാധിച്ചിട്ടില്ല. തനിച്ച് ശക്തിയാര്‍ജ്ജിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസും പ്ലീനങ്ങളും നടത്താറുള്ള സി പി എം സ്വയം വിമര്‍ശനമെന്ന പൊതിക്കാത്ത തേങ്ങയുമായി പതിറ്റാണ്ടുകളായി കഷ്ടപ്പെടുന്നു. പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്ന് സംഘടനാറിപ്പോര്‍ട്ടില്‍ സമ്മതിക്കുന്ന സി പി എം വര്‍ധിച്ചുവരുന്ന പാര്‍ലമെന്ററി വ്യാമോഹത്തെക്കുറിച്ചും വിലപിക്കുന്നു. രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ ചെയ്യാത്ത സി പി എം നിലപാട് സി പി എം അകപ്പെട്ട പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്. സ്വന്തം കണ്ണിലെ കോല് കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് തേടുകയാണ് സി പി എം.
Video Link