
കെ വി തോമസിനെതിരെ നടപടി സെമിനാറില്‍ പങ്കെടുത്ത ശേഷം മാത്രം
പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന കെ.വി തോമസിന്റെ അച്ചടക്കലംഘനത്തില്‍ എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയായിരിക്കും നടപടി സ്വീകരിക്കുക. എംപിമാര്‍ക്കും എഐസിസി അംഗങ്ങള്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിന് മാത്രമാണെന്ന് ഇക്കാര്യത്തില്‍ എഐസിസി വ്യക്തമാക്കുന്നു. കെവി തോമസിന് തിരുത്താന്‍ സമയം നല്‍കാനാണ് തീരുമാനം. സെമിനാറില്‍ പങ്കെടുക്കുമോ എന്ന് കെപിസിസി നിരീക്ഷിക്കും.
ഇന്നത്തെ പത്ര സമ്മേളനത്തില്‍ പാര്‍ട്ട് വിരുദ്ധമായി പലതും പറഞ്ഞു. ഇതും കെപിസിസി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇതെല്ലാം ഹൈക്കമാണ്ടിനെ വിശദമായി കെപിസിസി അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുമോ എന്നതിന് ശേഷം മതി നടപടിയെന്നാണ് തീരുമാനം. ഇക്കാര്യം കെപിസിസിയേയും അറിയിച്ചിട്ടുണ്ട്. കെ സുധാകരനും സാഹചര്യം ഹൈക്കമാണ്ടിനെ അറിയിച്ചു കഴിഞ്ഞു. സെമിനാറില്‍ പങ്കെടുത്താല്‍ കെപിസിസി പറയുന്ന അച്ചടക്ക നടപടി തോമസിനെതിരെ എടുക്കാനാണ് ഹൈക്കമാണ്ട് തീരുമാനം. ഇക്കാര്യം രാഹുല്‍ ഗാന്ധിയും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതെ തോമസിന് പണികൊടുക്കണമെന്ന ചിന്തയും സജീവമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനായിരുന്നു തോമസിന്റെ തീരുമാനം. ഈ സഹാചര്യത്തിലാണ് ഉടന്‍ തീരുമാനം എടുക്കേണ്ടതില്ലെന്ന ഹൈക്കമാണ്ട് തീരുമാനം. ഫലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എന്നു തന്നെ സിപിഎമ്മിന് തോമസിനെ പരിചയപ്പെടുത്തേണ്ടി വരും. ഈ വേദിയില്‍ തോമസിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന്റെ ഇടതു വിരുദ്ധത ചര്‍ച്ചയാക്കി ബിജെപിക്ക് ബദല്‍ തങ്ങളാണെന്ന് വരുത്താനായിരുന്നു സിപിഎം ശ്രമം. ഈ സാഹചര്യത്തിലാണ് തോമസിനെതിരായ തീരുമാനം നീട്ടുന്നത്.
സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കാന്‍ കഴിയുക ഹൈക്കമാന്‍ഡിനാണെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുകയാണ് എഐസിസി. എ.കെ ആന്റണി അധ്യക്ഷനും താരീഖ് അന്‍വര്‍ സെക്രട്ടറിയും അംബിക സോണി അംഗവുമായ സമിതിയാണ് അച്ചടക്ക നടപടി സ്വീകരിക്കുക. കെ വി തോമസ് അച്ചടക്കലംഘനം നടത്തിയത് സംബന്ധിച്ച വിഷയം സമിതിക്ക് മുന്നില്‍ എത്തിയ ശേഷം മാത്രമായിരിക്കും നടപടി. കെപിസിസിക്ക് വിഷയത്തില്‍ അച്ചടക്കനടപടി ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് കഴിയുക. തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് സുധാകരന് പറയുമ്പോഴും അതിന് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കെപിസിസിക്ക് കഴിയുകയുള്ളൂ. എന്തുതരം നടപടി വേണം എന്നതുള്‍പ്പെടെ തീരുമാനമെടുക്കുക ഹൈക്കമാന്‍ഡാണ്.
കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നതിലെ ആശങ്ക, കേരളത്തില്‍ നിന്നുള്ള എംപിമാരും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഹൈക്കമാന്‍ഡിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കം എല്ലാവര്ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോട് ആവശ്യപ്പെടും. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാവര്‍ത്തിച്ച സുധാകരന്, എന്താണ് ഭീഷണിയെന്ന് കെവി തോമസിനോട് ചോദിക്കണമെന്നും തിരിച്ചടിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ വി തോമസ് ഒരിക്കലും പോകാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
അങ്ങനെ ചെയ്താലത് കോണ്‍ഗ്രസിന് നഷ്ടമാണ്. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും സുധാകരന് പറഞ്ഞു. ആരായാലും പാര്‍ട്ടിക്ക് വിധേയനാകണം. കെവി തോമസിന് അഹിതമായതൊന്നും കോണ്‍ഗ്രസ് ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം കെവി തോമസിനോട് പറഞ്ഞിരുന്നുവെന്നും സുധാകരന് പറഞ്ഞു.
Video Link