
ചോദ്യ പേപ്പർ വിവാദം; പി.ജെ. വിൻസെന്റ് അവധിയിലേക്ക് പോകും
ബിരുദ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ അതേപടി ആവർത്തിച്ച വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ. വിൻസെന്റ് അവധിയിലേക്ക് പോകും. കുറ്റകൃത്യത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് അവധിക്കു പോകുന്നത്. ഈ മാസം 28 മുതൽ എട്ട് ദിവസത്തേക്കാണ് അവധിക്ക് പോവുക.
സൈക്കോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ആവർത്തിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനമുന്നയിച്ചതിന് പിന്നാലെ വിസിയെ കണ്ട് പി.ജെ. വിൻസെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഉടൻ രാജി വേണ്ട എന്ന നിലപാടാണ് വിസി സ്വീകരിച്ചത്. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് അവധിയിൽ പോകുന്ന കാര്യത്തിൽ തീരുമാനമായത്. 28 മുതൽ അവധിക്ക് പോകാൻ പരീക്ഷാ കൺട്രോളർ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. അതേസമയം, ബിരുദ പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തെ കുറിച്ച് രണ്ടംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഗവ. കോളജ് അധ്യാപകനായ പി.ജെ.വിൻസന്റ് ചൊക്ലിയിലെ പുതിയ ഗവ.കോളജിന്റെ സ്പെഷൽ ഓഫിസറായിരിക്കെ ഡപ്യൂട്ടേഷനിലാണു കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ സ്ഥാനത്തെത്തിയത്.