
വടക്കഞ്ചേരി മേൽപ്പാലത്തിൽ പൊളിച്ച് പണി; ഭാഗികമായി ഗതാഗത നിയന്ത്രണം
ദേശീയപാത വടക്കഞ്ചേരി മേൽപ്പാലത്തിൽ പൊളിച്ച് പണി തുടരുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ ബുധനാഴ്ച വീണ്ടും കുത്തിപൊളിച്ചു. നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള പാലത്തിൽ മൂന്നിടത്തും തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ രണ്ട് സ്ഥലത്തും പണി നടക്കുന്നുണ്ട്. ഇരു പാലങ്ങളിലും ഭാഗികമായി ഗതാഗത നിയന്ത്രണമുണ്ട്.
പാലം പൊളിച്ച് പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട് ഭാഗത്തേക്കുള്ള പാലത്തിൽ പൂർണമായി ഗതാഗതം നിരോധിച്ചിരുന്നു. സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. മേൽപാലത്തിന്റെ സ്ലാബുകൾ തമ്മിൽ യോജിക്കുന്ന ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഈ ഭാഗം കുത്തി പൊളിച്ച് ഇരുമ്പ് റാഡ് വച്ച് വീണ്ടും കോൺക്രീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത ശേഷം മുപ്പതോളം സ്ഥലത്ത് പൊളിച്ച് പണിതിട്ടുണ്ട്.
ഒരിക്കൽ പണിത സ്ഥലം വീണ്ടും തകർന്ന് ഇരുമ്പ് റാഡുകൾ പുറത്തേക്ക് വന്ന് അപകട ഭീഷണി ഉയർത്തുമ്പോൾ ഈ ഭാഗം വീണ്ടും കുത്തി പൊളിക്കേണ്ടതായി വരുന്നത്. നിർമാണത്തിലെ അപാകമാണ് പാലം പൊളിച്ച് പണിയേണ്ടതായി വരാൻ കാരണം. 2021 ഫെബ്രുവരി ആറിനാണ് വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.