
കേരളം മതഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറി: കെ.സുരേന്ദ്രൻ
കൊച്ചി: കേരളം മതഭീകരവാദികളുടെ പരിശീലന കേന്ദ്രവും ഒളിസങ്കേതവുമായി മാറിയതായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. കോഴിക്കോട് നഗരത്തിൽ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ കണ്ടെടുത്ത സംഭവം ഗൗരവതരമാണെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലെ സംസ്ഥാനത്തെ ഒരു മഹാ നഗരത്തെ പോലും ഭീകരവാദികൾ പരിശീലന കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു. വനാന്തരങ്ങളിൽ പരിശീലന ക്യാമ്പുകൾ നടത്തിയിരുന്ന ഭീകരവാദികൾ പിണറായി ഭരണത്തിൽ നഗരത്തിൽ താവളമടിക്കുകയാണ്.
പാലക്കാട് ശ്രീനിവാസൻ്റെ കൊലപാതകത്തിന് പിന്നിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാണെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുകാർക്ക് ഫയർഫോഴ്സ് കൊടുത്ത പരിശീലനം വെറുതെയായില്ല. സംസ്ഥാനത്തിൻ്റെ ഫോഴ്സുകളെല്ലാം ഭീകരർക്ക് പരിശീലനം നൽകുന്നത് സർക്കാരിൻ്റെ അറിവോടെയാണ്. സഞ്ജിത്തിൻ്റെ കൊലപാതകത്തിലും ഈ സർക്കാർ ഉദ്യോഗസ്ഥന് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിലും മതഭീകരവാദികൾ നിറഞ്ഞു കഴിഞ്ഞു. വോട്ട്ബാങ്കിന് വേണ്ടിയുള്ള രണ്ട് മുന്നണികളുടേയും പ്രീണനമാണ് ഈ അവസ്ഥയ്ക്ക് കാരണം.
പെൺകുട്ടിയെ മതപണ്ഡിതൻ അപമാനിച്ചിട്ടും ഒരു മതേതര രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കാതിരുന്നത് അപമാനകരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പുരപ്പുറത്ത് കയറി നവോത്ഥാനം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐക്കാർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് ലജ്ജാകരമാണ്. 50 കോടിയുടെ നവോത്ഥാന മതിൽ കെട്ടിയവർക്കും വിഡി സതീശനും മിണ്ടാട്ടമില്ല. ഇരട്ടനീതിയാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാനം അതിവേഗം താലിബാനായി മാറുകയാണ്. മുസ്ലിം ഭീകരവാദികൾക്ക് മുമ്പിൽ ഭരണപക്ഷവും പ്രതിപക്ഷവും മുട്ടിലിഴയുകയാണ്.
പിസി ജോർജിനെതിരെ കേസെടുത്തവർ ഇസ്ലാമിക വർഗീയ ശക്തികൾക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു. സത്യം തുറന്ന് പറഞ്ഞ ജോർജ് എം തോമസിനെതിരെ നടപടിയെടുത്ത സിപിഎം പോപ്പുലർ ഫ്രണ്ടിൻ്റെ കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ച ഡിവൈഎഫ് നേതാവിന് പാരിതോഷികം നൽകി. എംഎസ്എഫിൻ്റെ നേതാവ് പരസ്യമായി ഒരു പെൺകുട്ടിയെ അപമാനിച്ചിട്ടും എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പ്രതികരിച്ചില്ല.
കേരളത്തിലെ പല മതസംഘടനകൾക്കും താലിബാൻ മനസാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
കെവി തോമസ് വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നാണംകെട്ടു. സുധാകരനും സതീശനും വാചകമടിക്കാർ മാത്രമാണ്. കെവി തോമസിനെ ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞവരാണിവർ. പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ട് രണ്ട് മാസമായി. ഇപ്പോൾ ഇടതുപക്ഷത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും കെവി തോമസ് ഇറങ്ങി. നാണമുണ്ടെങ്കിൽ രാജിവെക്കേണ്ടത് സുധാകരനും സതീശനുമാണ് . കോൺഗ്രസ് ഹൈക്കമാൻ്റും സിപിഎമ്മും തമ്മിൽ അന്തർധാര ശക്തമാണ്. കോൺഗ്രസിലിരുന്ന് മാർകിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് അതിൻ്റെ ഉദ്ദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന വക്താവ് ടിപി സിന്ധുമോൾ, ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.