
‘മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കുന്നില്ല’; തരൂരിനെ, കർദ്ദിനാൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കരുതെന്നത് ഒഴികെയുള്ള മൽസ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് ശശി തരൂർ എംപി. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ചെയ്തു കൊടുത്തിട്ടില്ലെന്നും തരൂർ പറഞ്ഞു. കൊച്ചിയിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തരൂർ. കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ, കർദ്ദിനാൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
“വിഴിഞ്ഞത്ത് സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രണ്ടു ഭാഗവും ഒത്തുതീർപ്പിനു തയാറാകണം. ഇക്കാര്യത്തിൽ സമരം ആരംഭിക്കുന്നതിനു മുമ്പു തന്നെ ആർച്ച് ബിഷപ്പിനെയും ബിഷപ്പിനെയും കണ്ടു സംസാരിച്ചു ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെയും കണ്ടു സംസാരിച്ചതാണ്. വിഷയത്തിൽ ഇടപെടാൻ ഒരു എംപിക്ക് പരിമിതികളുണ്ട്. അധികാരമുള്ള സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ആണ് എന്തെങ്കിലും ചെയ്യേണ്ടത്. മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന ന്യായമായ കാര്യം സർക്കാർ ചെയ്തു കൊടുക്കുന്നില്ല എന്നതു വസ്തുതയാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതു നിരാശാജനകമാണ്. അതേസമയം പല വിഷയത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ജനങ്ങൾ മനസിലാക്കണം. ഇവരെ വികസന വിരുദ്ധരെന്നും ദേശവിരുദ്ധരെന്നും പറയുന്നതു തെറ്റാണ്. നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി നിന്നവരാണ് അവർ. സ്വന്തം ജീവൻ പണയംവച്ച് പ്രളയകാലത്ത് ജനങ്ങളെ വീടിന്റെ മുകളിൽനിന്നു വരെ രക്ഷിച്ചത് അവരാണ്. 65000 പേരെ രക്ഷിച്ചു. അതേസമയം നമ്മൾ അവർക്കു വേണ്ടി എന്തു ചെയ്തു എന്നു ചോദിക്കാൻ അവർക്ക് അവകാശമുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് ഭൂരിപക്ഷവും. അവർ ഓരോ കഷ്ടങ്ങൾ അനുഭവിക്കുമ്പോൾ ആവശ്യങ്ങൾ മനസിലാക്കി അനുകമ്പയോടെ സഹായം ചെയ്തു കൊടുക്കേണ്ടതു സർക്കാരിന്റെ കടമയാണ്. ചുഴലിക്കാറ്റു വന്നതു സർക്കാരിന്റെ തെറ്റല്ല, എന്നാൽ അവർക്കു ചെയ്തു കൊടുക്കേണ്ടതു ചെയ്തു എന്നു പറയാൻ നമുക്കാവില്ല.” – തരൂർ പറഞ്ഞു.