
ചാൾസ് മൂന്നാമന്റെ കീരീടധാരണം; ചൂടാൻ 350 വർഷം പഴക്കമുള്ള സെന്റ് എഡ്വേഡ്സ് കിരീടം
ലണ്ടൻ: 2023 മേയ് 6ന് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി കീരീടധാരണം ചെയ്യപ്പെടുമ്പോൾ ചൂടിക്കുന്നത് വിഖ്യാതമായ സെന്റ് എഡ്വേഡ്സ് കിരീടം. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നതാണ് ഈ കിരീടം. കിരീടനം സൂക്ഷിക്കുന്ന ടവർ ഓഫ് ലണ്ടൻ കോട്ടയിൽ നിന്നു മാറ്റി. ചാൾസിന്റെ ശിരസ്സിനനുസരിച്ച് ഇതിന്റെ വലുപ്പത്തിൽ മാറ്റം വരുത്താനുള്ള ജോലി ഉടൻ തുടങ്ങും.
1661ൽ ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. അതിനു മുൻപുള്ള രാജാക്കാൻമാരും രാജ്ഞിമാരും മെഡീവൽ ക്രൗണാണു കിരീടധാരണത്തിണ് ഉപയോഗിച്ചത്. എന്നാൽ ബ്രിട്ടിഷ് ആഭ്യന്തര യുദ്ധത്തിനുശേഷം 1649ൽ അധികാരത്തിൽ വന്ന ഒലിവർ ക്രോംവെല്ലിന്റെ പാർലമെന്ററി സമിതി രാജമേധാവിത്വം നിരോധിക്കുകയും ഈ കിരീടം ഉരുക്കി നശിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് ചാൾസ് രണ്ടാമനിലൂടെയാണു രാജത്വം ബ്രിട്ടനിൽ വീണ്ടുമെത്തിയത്. ചാൾസ് രണ്ടാമന്റെ കിരീടധാരണത്തിനു ശേഷം രണ്ടു നൂറ്റാണ്ടിലധികം ഈ കിരീടം ഉപയോഗിച്ചിരുന്നില്ല. ഒടുവിൽ 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണത്തിലാണു സെന്റ് എഡ്വേഡ്സ് കിരീടം ഉപയോഗിച്ചത്. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണവേളയിലും ഉപയോഗിച്ചത് ഈ കിരീടമാണ്.
22 കാരറ്റ് സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ 444 രത്നങ്ങളുണ്ട്. കൂടാതെ 12 പവിഴങ്ങൾ, 7 വൈഡൂര്യങ്ങൾ, 6 മരതകങ്ങൾ, 37 പുഷ്യരാഗങ്ങൾ, ഒരു മാണിക്യം തുടങ്ങിയവ കിരീടത്തിലുണ്ട്.