
ആമസോൺ 20,000 ജീവനക്കാരെ പിരിച്ചുവിടും; റിപ്പോർട്ട്
ലോകത്തെ മുൻനിര ടെക് കമ്പനിയായ ആമസോൺ വൻ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ 20,000 ജീവനക്കാരെ ആമസോൺ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ആമസോണിന്റെ മിക്ക പ്രദേശങ്ങളിലുമുള്ള, വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കും. വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് പിരിച്ചു വിടുന്നത്. പിരിച്ചുവിടൽ പ്രക്രിയ വരും മാസങ്ങളിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ആമസോൺ നിരവധി ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാൻ തയാറെടുക്കുന്നതായി സിഇഒ ആൻഡി ജാസി അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ എത്ര ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 10,000 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നതായാണ് നവംബറിൽ വന്ന റിപ്പോർട്ട്. എന്നാൽ ഈ എണ്ണം ഇപ്പോൾ വർധിച്ചുവെന്നും ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലുള്ളവർ ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ളവരെയും പിരിച്ചുവിടാനാണ് ആമസോൺ പദ്ധതിയിടുന്നതെന്നുമാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ മുന്നോടിയായി ജീവനക്കാരുടെ പ്രവർത്തന മികവ് അടിയന്തരമായി വിലയിരുത്താൻ കമ്പനി മാനേജർമാരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.