
മഞ്ഞപ്പടയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ്
ബംബോലിം: ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 90-ാം മിനിറ്റില്‍ ഇദ്രിസ സൈല നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സിനെതിരേ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചത്. ഓഫ്സൈഡെന്ന് സംശയം ഉയര്‍ന്ന ഗോളായിരുന്നു ഇത്. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. സെയ്ത്യാസെന്‍ സിങ്ങിന്റെ ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച സെര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്.
45-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് താരം ഹാള്റിങ്ങിനെ രാകേഷ് പ്രദാന്‍ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗാരി ഹൂപ്പര്‍ എടുത്ത കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയിയുടെ കാലില്‍ തട്ടിയ ശേഷമാണ് വലയിലെത്തിയത്.
ഇതിനിടെ 23-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. പന്തുമായി മുന്നേറിയ ഹൂപ്പര്‍ പന്ത് വലതുഭാഗത്ത് കൂടി കയറിവന്ന സിഡോഞ്ചയ്ക്ക് മറിച്ചു. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പര്‍, ഗോളി മാത്രം മുന്നില്‍നില്‍ക്കെ പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളയുകയായിരുന്നു.
51-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് വന്ന ആശയക്കുഴപ്പം മുതലെടുത്താണ് ക്വെസി അപിയ ഗോള്‍ നേടിയത്. ഇതിനു പിന്നാലെ ഒപ്പമെത്താനുള്ള സുവര്‍ണാവസരം അപിയ തുലച്ചുകളയുന്നതിനു മത്സരം സാക്ഷിയായി. 65-ാം മിനിറ്റില്‍ ലാലെങ്മാവിയയെ ജെസ്സല്‍ കാര്‍നെയ്റോ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്ന് നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പക്ഷേ കിക്കെടുത്ത ക്വെസി അപിയക്ക് പിഴച്ചു. ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി മാറ്റങ്ങള്‍ വരുത്തി.
72-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സൈലയുടെ പ്രകടനം നോര്‍ത്ത് ഈസ്റ്റിന് നിര്‍ണായകമാകുകയായിരുന്നു. അവസാന നിമിഷം സമനില ഗോള്‍ കണ്ടെത്താനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമങ്ങള്‍ക്ക് ഫലം ലഭിച്ചത് സൈലയിലൂടെയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.