
എഞ്ചിന് തകരാർ; കാനഡയിൽ ബോയിങ് 737 മാക്സ് വിമാനം വഴി തിരിച്ചുവിട്ടു
എഞ്ചിനുകളിലൊന്നിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ ബോയിങ് 737 മാക്സ് വിമാനം വഴി തിരിച്ചുവിട്ടു. എയർ കാനഡയുടെ വിമാനമാണ് മോൺട്രയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറിനെ തുടർന്ന് ടുസണിൽ ഇറക്കിയത്. നേരത്തെ ബോയിങ് 737 മാക്സ് വിമാനങ്ങൾ തകർന്ന് വീണ് 346 പേർ കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് ലോകത്തെ എതാണ്ട് എല്ലാ രാജ്യങ്ങളും ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ, ബോയിങ് വിമാനത്തിലെ തകരാറുകൾ പരിഹരിക്കുകയും കാനഡ 737 മാക്സിന് അനുമതി നൽകുകയും ചെയ്തിരുന്നു.
ഡിസംബർ 22ന് മോൺട്രയിലിലേക്കുള്ള യാത്രക്കിടെ പൈലറ്റിന് എഞ്ചിൻ തകരാറുണ്ടെന്ന സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷിതമായി വിമാനം ടുസണിലിറക്കി. എയർ കാനഡയാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ അറിയിച്ചത്. ഇടതു എഞ്ചിനിലാണ് പ്രശ്നമെന്നാണ് സൂചന.
അതേസമയം, അനുമതി ലഭിച്ചുവെങ്കിലും എയർ കാനഡ, വെസ്റ്റ്ജെറ്റ് തുടങ്ങിയ കാനഡയിലെ വിമാനകമ്പനികളൊന്നും വാണജ്യ സർവീസുകൾക്കായി ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നില്ല.