
അഫ്ഗാനിൽ സാമൂഹ്യ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു
അഫ്ഗാനിസ്താനിലെ വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. അഫ്ഗാനിലെ കൊഹിസ്താൻ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലാണ് ദാരുണ സംഭവം നടന്നത്.
ഹെസവലിൽവെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ ആയുധധാരി ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഫ്രെഷ്തയുടെ സഹോദരനും വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമപ്രവർത്തകൻ റഹ്മത്തുല്ല നിക്സാദും ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ ഫോറം ഒാഫ് അഫ്ഗാന് മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു. ജേർണലിസ്റ്റ് യൂണിയൻ നേതാവായിരുന്ന റഹ്മത്തുല്ല, ഗസ്നി പ്രവിശ്യയിൽ വെച്ചാണ് കൊല്ലപ്പെട്ടത്.