
കേരളത്തിൽ ജനിതക മാറ്റമുണ്ടായ കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യമന്ത്രി
കേരളത്തിൽ ജനിതക മാറ്റമുണ്ടായ കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ബ്രിട്ടണിൽ കണ്ടെത്തിയ വൈറസാണോ എന്ന് അറിയാൻ കൂടുതൽ പഠനം വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാൽ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും വാക്സിൻ ഫലപ്രദമാണെന്നും മന്ത്രി വ്യക്തമാക്കി.
ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ എട്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ നിന്ന എത്തുവർക്കുള്ള പരിശോധന കർശനമാക്കുമെന്നും ഷൈലജ തിരുവനന്തപുരത്ത് പറഞ്ഞു. ഇവരുടെ സ്രവം കൂടുതൽ പരിശോധനകൾക്കായി പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോയെന്നറിയാൻ ആ പരിശോധന കഴിയണം. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കും. ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ വലിയ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ല. മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.