
പ്രസന്ന ഏണസ്റ്റ് കൊല്ലം നഗരസഭ മേയർ; പദവി പങ്കിടണമെന്ന സി പി ഐ ആവശ്യത്തിൽ തീരുമാനം നാളെ
പ്രസന്ന ഏണസ്റ്റ് കൊല്ലം നഗരസഭയുടെ മേയറാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മേയർ പദവി പങ്കിടണമെന്ന സി പി ഐ ആവശ്യത്തിലും നാളെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി എമ്മും സി പി ഐയും പങ്കിടും.പ്രസന്ന ഏണസ്റ്റിന് പകരം 22 വയസുളള യു പവിത്രയെ മേയറാക്കണമെന്ന് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾ വാദിച്ചിരുന്നു. എന്നാൽ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിഭാഗവും പ്രസന്ന ഏണസ്റ്റിനെ മേയറാക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. മുതിർന്ന നേതാവെന്ന നിലയിൽ പ്രസന്ന ഏണസ്റ്റ് തന്നെ മേയറാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വാദിച്ചപ്പോഴും യു പവിത്ര മേയറാകുന്നതിൽ തെറ്റില്ലെന്ന നിലപാടിലായിരുന്നു സി പി എം സംസ്ഥാന നേതൃത്വം. മേയറെ സംബന്ധിച്ച തർക്കം മൂർച്ചിച്ചതിനാൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമാകാതെ പിരിഞ്ഞിരുന്നു.