
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം : പരാതി പരിഹാര സമിതി രൂപീകരിക്കണം
തൃശൂർ :തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനും നിരോധിക്കാനും പരിഹാരത്തിനുമായി എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലും ആഭ്യന്തര സമിതികള്‍ രൂപീകരിക്കണം.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ എല്ലാ കാര്യാലയങ്ങളിലും ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലാണ് ഇത്. പ്രസ്തുത കമ്മിറ്റി രൂപീകരിക്കാത്ത ഓഫീസ് മേലധികാരികള്‍ക്കെതിരെ നിയമ വകുപ്പ് പ്രകാരം പിഴ ഈടാക്കുമെന്നും കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച വിശദാംശങ്ങള്‍ വനിതാശിശു വികസന ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാത്തതോ പുനഃസംഘടിപ്പിക്കാത്തതോ ആയ കാര്യാലയങ്ങളില്‍ ഇതിനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് അധികൃതര്‍ അറിയിച്ചു.
നിശ്ചിത പ്രൊഫോര്‍മയില്‍ csection.tsrcoll@gmail.com എന്ന ഈമെയിലിലേക്ക് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ ഓഫീസ് മേലധികാരിമാര് തങ്ങളുടെ കാര്യാലയത്തിലെയും കീഴ് കാര്യാലയങ്ങളിലെയും ആഭ്യന്തര സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ പ്രൊഫോര്മ 1 ല്‍ ശേഖരിച്ച് അവ ക്രോഡീകരിച്ച് പ്രൊഫോര്മ 2 ല്‍ സമര്‍പ്പിക്കണം. റവന്യൂസബ് ഓഫീസ് മേലധികാരിമാര് പ്രൊഫോര്മ 1 ല്‍ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഫോണ്‍ 0487 2433453