
കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം :കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കുടുംബം അറിയിച്ചു.അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കണ്ണൂർ എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങുന്നതോടെ ഇർഷാദ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും.കേരള പര്യടനത്തിൻ്റെ ഭാഗമായി കാസർഗോഡ് എത്തിയ ഘട്ടത്തിലാണ് അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.