
സൗദിയുടെ ഈ വര്‍ഷത്തെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍കുറവ്
സൗദി അറേബ്യയുടെ ഈ വര്‍ഷത്തെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണ വരുമാനം പകുതായാണ് കുറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് ആഗോള തലത്തില്‍ അനുഭവപ്പെട്ട പ്രതിസന്ധിയാണ് എണ്ണ വരുമാനത്തില്‍ വന്‍ ഇടിവിന് കാരണമായത്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച കണക്കിലാണ് എണ്ണ വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയത്.
ജനുവരി മുതല്‍ ഓക്ടോബര്‍ വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് നഷ്ടം രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇത് വരെയായി എണ്ണ കയറ്റുമതിയിലൂടെ രാജ്യം 372 ബില്യണ്‍ റിയാലാണ് വരുമാനമുണ്ടാക്കിയത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ എണ്ണ കയറ്റുമതി വരുമാനം 626.83 ബില്യണ്‍ റിയാലായിരുന്നിടത്താണ് വലിയ കുറവ് അനുഭവപ്പെട്ടത്.
ഏകദേശം 254.76 ബില്യണ്‍ റിയാലിന്റെ കമ്മി രേഖപ്പെടുത്തി. ഈ കാലയളവില്‍ 235 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് സൗദി വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 253 കോടി ബാരലായിരുന്നു. എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും ഇതര ഉല്‍പ്പാദക രാഷ്ട്രങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ ഉല്‍പ്പാദന നിയന്ത്രണം, കോവിഡ് വ്യാപനം മുലമുണ്ടായ നിയന്ത്രണങ്ങളില്‍ ആഗോള തലത്തില്‍ എണ്ണ ഉപഭോഗം കുറഞ്ഞത്, എണ്ണ വിലയില്‍ നേരിട്ട വിലത്തകര്‍ച്ച എന്നിവയെല്ലാം കയറ്റുമതിയെ സാരമായി ബാധിച്ചതാണ് വരുമാനം നഷ്ടം നേരിടുന്നതിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി തുടങ്ങിയതോടെ എണ്ണ ആവശ്യകതയില്‍ ക്രമാതീതമായ വര്‍ധനവ് അനുഭവപ്പെട്ടു വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിലയിലും പ്രകടമായ മാറ്റങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി.