
അരുണുമായി ആശുപത്രിയിൽ തുടങ്ങിയ പ്രണയം
ത്രേസ്യാപുരം പ്ലാങ്കാലവിളയിൽ ശാഖകുമാരിയുടെ മരണത്തിൽ ഞെട്ടൽമാറാതെ നാട്ടുകാർ. നാട്ടിലെയും ത്രേസ്യാപുരം പള്ളിയിലെയും എല്ലാകാര്യങ്ങൾക്കും അവർ സജീവമായി പങ്കെടുത്തിരുന്നു. ക്രിസ്മസിന് തലേദിവസം നടന്ന ചടങ്ങുകളിൽ പങ്കെടുശേഷമാണ് ശാഖ പള്ളിയിൽ നിന്നു മടങ്ങിയത്. പ്രായംകുറഞ്ഞ വരനെ തിരഞ്ഞെടുപ്പോൾ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷേ അവരുടെ ആഗ്രഹത്തിന് ആരും തടസം നിന്നില്ല. എന്നാൽ ആ ബന്ധം മധുവിധു ആഘോഷിച്ചു തീരുന്നതിനു മുമ്പ് കൊലപാതകത്തിൽ കലാശിച്ചതിന്റെ വേദനയിലാണ് എല്ലാവരും.സാമ്പത്തികമായി നല്ല നിലയിലായിരുന്നെങ്കിലും ബ്യൂട്ടിഷനായി ജോലിചെയ്ത് അറിയപ്പെടാനായിരുന്നു ശാഖ ആഗ്രഹിച്ചത്. പള്ളിയിലെ കലാപരിപാടികളിൽ കുട്ടികളെ ഒരുക്കാൻ മുൻപന്തിയിലായിരുന്ന ശാഖ വിവാഹ വീടുകളിൽ വധുവിനെ അണിയിച്ചൊരുക്കുമ്പോഴും അമിതമായി പണം വാങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പരേതനായ ആൽബർട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകളായ ഇവർക്ക് കുടുംബപരമായി തന്നെ സ്വത്തുക്കളുണ്ട്. പള്ളിയിലെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും സഹായം നൽകിയിരുന്നു.കിടപ്പുരോഗിയായ മാതാവ് ഫിലോമിന മരണം അറിഞ്ഞതോടെ മാനസികമായി തകർന്നിരിക്കുകയാണ്. അരുണുമായി ആശുപത്രിയിൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തിയത്. വൈകിയാണ് വിവാഹം കഴിച്ചതെങ്കിലും ഭർത്താവുമൊത്ത് സന്തോഷത്തോടെ ജീവിക്കാമെന്നായിരുന്നു ശാഖകുമാരി കരുതിയത്. എന്നാൽ ഭർത്താവിന്റെ കൈകൾ കൊണ്ട് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. ഇന്നലെ രാവിലെ മരണ വാർത്തകേട്ട ത്രേസ്യാപുരം ഇടവകയിലെ നിരവധി വിശ്വാസികൾ വീട്ടിലെത്തി.