
വാഹനങ്ങളിൽ ‘ജാതി പോസ്റ്ററുകൾ’ വേണ്ട, കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ
വാഹനങ്ങളിൽ ജാതി സ്റ്റിക്കർ പതിപ്പിക്കുന്നവർക്കെതിരെയുള്ള നടപടി കർശനമാക്കി ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. യാദവ്, ജാട്ട്, ഗുജർ, ബ്രാഹ്മണൻ, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതികളിൽപ്പെട്ട ചിലർ തങ്ങളുടെ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാറുണ്ട്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) നിർദേശപ്രകാരമാണ് നടപടിയെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജാതി സ്റ്റിക്കറുകൾ പതിപ്പിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ മുകേഷ് ചന്ദ്ര എല്ലാ പ്രാദേശിക ഗതാഗത ഓഫീസുകൾക്കും (ആർടിഒ) നിർദേശം നൽകി.
മഹാരാഷ്ട്രയിലെ അദ്ധ്യാപകനായ ഹർഷൽ പ്രഭുവാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. തുടർന്ന് ഉത്തർപ്രദേശ് സർക്കാരിന് പിഎംഒ നിർദേശം നൽകുകയായിരുന്നു. ഇത്തരം സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് പ്രഭു പറഞ്ഞു.’ജാതി സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കാൻ പാടില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.’-കാൺപൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഡി കെ ത്രിപാഠി പറഞ്ഞു.