
കര്‍ഷക പ്രക്ഷോഭം: നിയമം പിന്‍വലിക്കാമെന്ന ഉപാധിയില്‍ ചര്‍ച്ചയാവാമെന്ന് കര്‍ഷകര്‍
ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭകര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചുകൊണ്ട് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് കത്തുനല്‍കി. ചര്‍ച്ചയ്ക്ക തയ്യാറാവണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കര്‍ഷക സംഘടനകള്‍ ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചത്. എന്നാല്‍ അടിസ്ഥാന പ്രക്ഷോഭകര്‍ വളരെ പ്രാഥമികമായി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് മേല്‍ ഉറപ്പുനല്‍കിക്കൊണ്ടുള്ള ചര്‍ച്ചയാവാമെന്നാണ് കാര്‍ഷിക മന്ത്രാലയം സെക്രട്ടറി വിവേക് അഗര്‍വാളിന് നല്കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി നാലിന നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചു. 1. ഇപ്പോള്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. 2. എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കര്‍ഷക കമ്മീഷന് നിര്‍ദ്ദേശം മാനദണ്ഡമാക്കി താങ്ങുവില പ്രഖ്യാപിക്കാന്‍ തയാറാകണം. 3. മലിനീകരണ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കണം. 4. വൈദ്യുതി ചാര്‍ജിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുക. എന്നിവയാണ് കര്‍ഷകര്‍ ചര്‍ച്ചക്കായി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍.
കര്‍ഷകരുമായി പലവട്ടം നടത്തിയ ചര്‍ച്ചകളെ സംബന്ധിച്ച് വളരെയേറെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കി കര്‍ഷകരെ ആത്മാര്‍ഥമായി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് നല്കിയ കത്തില്‍ വ്യക്തമാക്കി.