
പ്രായപൂര്‍ത്തിയായ സ്ത്രീ ആരുടെ കൂടെ ജീവിക്കണമെന്ന് അവള് തീരുമാനിക്കും; അലഹബാദ് ഹൈക്കോടതി
സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഇരുപത്തിയൊന്നുകാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അവളുടെ വീട്ടിലാക്കിയിരുന്നു. അതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകായിരുന്നു കോടതി.
ജസ്റ്റിസുമാരായ പങ്കജ് നഖ്വി, വിവേക് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ഭാര്യയെ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ഭർത്താവ് കോടതിയെ ബോധിപ്പിച്ചു. തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നും ഭർത്താവിനൊപ്പം താമസിക്കാനാണ് താൽപ്പര്യമെന്നും യുവതി കോടതിയിൽ പറഞ്ഞു.
പ്രായപൂർത്തിയായ സ്ത്രീ ആരുടെ കൂടെ ജീവിക്കണമെന്ന് അവൾ തീരുമാനിക്കും, അതിലിടപെടാൻ ആർക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് അവരുടെ മാതാപിതാക്കൾ യുവാവിനെതിരെ നൽകിയ കേസിൽ എഫ്ഐആർ കോടതി റദ്ദാക്കി.