
ചൈനാക്കടലിൽ മറ്റൊരു രാജ്യവുമായി ചേർന്ന് ഇന്ത്യയുടെ അപ്രതീക്ഷിത നാവിക അഭ്യാസം
ലഡാക്കിൽ മാസങ്ങളായി തുടരുന്ന ചൈനീസ് പ്രകോപനങ്ങൾക്കും, പാകിസ്ഥാനുമായി ചേർന്ന് സിന്ധ് പ്രവിശ്യയിൽ അടുത്തിടെ നടത്തിയ സൈനിക അഭ്യാസങ്ങൾക്കും അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. അപ്രതീക്ഷിതമായി വിയറ്റ്നാം നേവിയുമായി ചേർന്ന് രണ്ട് ദിവസത്തെ നാവിക അഭ്യാസം ഇന്നും തുടരുകയാണ്. ഡിസംബർ 26,27 എന്നീ രണ്ട് ദിവസങ്ങളിലായിട്ടാണ് ദക്ഷിണ ചൈനാക്കടലിൽ അഭ്യാസം നടക്കുന്നത്. ചൈനക്കടലിന്റെ അധികാരം മുഴുവൻ തങ്ങൾക്കാണെന്ന മട്ടിൽ പെരുമാറുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ അഭ്യാസമെന്ന് വിലയിരുത്തുന്നു. വിയറ്റ്നാമുമായി ചൈനകടലിൽ അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന.വിയറ്റ്നാമീസ് നാവികസേനയുമായി ‘പാസേജ് അഭ്യാസം’ മാത്രമാണ് ഇന്ത്യ നടത്തുന്നത്. മദ്ധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിച്ചേർന്ന ഇന്ത്യൻ യുദ്ധക്കപ്പലായ ഐ എൻ എസ് കിൽട്ടാനുമായി ചേർന്നാണ് അഭ്യാസം അരങ്ങേറുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അഭ്യാസമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ചൈനയ്ക്കുളള വ്യക്തമായ സന്ദേശമായിട്ടാണ് ഇരു രാജ്യങ്ങളും അഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലിൽ ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്ന അവസരത്തിൽ ഇത്തരമൊരു നാവിക അഭ്യാസത്തിന് പ്രാധാന്യമേറെയാണ്.വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി പതിനഞ്ച് ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ എത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ സഹായവുമായി ഐ എൻ എസ് കിൽട്ടാൻ ഹോ ചി മിൻ സിറ്റിയിലെ ഹറാങ് തുറമുഖത്തെത്തിയത്. ഇവിടെ നിന്നും മടങ്ങുവഴിയാണ് ചൈനാക്കടലിൽ വിയറ്റ്നാം പീപ്പിൾസ് നേവിയുമായി ചേർന്ന് പരിശീലനത്തിൽ ഐ എൻ എസ് കിൽട്ടാൻ ഏർപ്പെടുക. കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം ഭരണാധികാരിയുമായി ഓൺലൈനിൽ സംവദിച്ചിരുന്നു. ചൈനക്കടലിൽ ഉൾപ്പടെ പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുവാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുപക്ഷവും ഉറപ്പ് നൽകിയിരുന്നു.ദക്ഷിണ ചൈനാക്കടലിൽ വിയറ്റനാമിന്റെ അധീനതയിലുള്ള പ്രദേശത്ത് എണ്ണ പര്യവേക്ഷണ പദ്ധതികളിൽ ഇന്ത്യ സഹകരിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ മേഖലയിൽ ചൈനയുടെ അവകാശവാദങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കകളുണ്ട്.