
താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് സംസ്ഥാന . നേതൃത്വം നിഷ്ക്രിയമെന്ന് ചര്‍ച്ചയില്‍ പൊതുവികാരം ഉയര്‍ന്നു. തിരഞ്ഞെടുപ്പിന് ആവശ്യമായ മുന്നൊരുക്കമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. പ്രചാരണ സാമഗ്രികള്‍ എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സാമുദായിക-സാമൂഹിക സംഘടനകളുമായി ചര്‍ച്ച നടന്നില്ല, വോട്ട് ചോര്‍ച്ച തിരിച്ചറിയാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഗ്രൂപ്പ് വീതം വെപ്പിന്റെ അതിപ്രസരമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം. ഡിസിസികള്‍ക്കും വീഴ്ച പറ്റി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പരസ്യചര്‍ച്ചകള്‍ തിരിച്ചടിയായി. ഇത് പരിഹരിക്കാന്‍ സംഘടനാ തലത്തില്‍ മാറ്റമുണ്ടാവണണെന്നായിരുന്നു പൊതുവില്‍ ഉയര്‍ന്ന ആവശ്യം.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്നും തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും ടിഎന്‍ പ്രതാപന് ആവശ്യപ്പെട്ടു. പരാജയത്തില്‍ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കെസി ജോസഫും അടൂര്‍ പ്രകാശും പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെസി ജോസഫ് അഭിപ്രായപ്പെട്ടു.
അതേസമയം നേതൃത്വത്തില്‍ ഏത് തരത്തിലുള്ള മാറ്റം വേണമെന്ന് നേതാക്കള്‍ അഭിപ്രായമുയര്ത്തിയില്ല. കേരളത്തില്‍ കെപിസിസി നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്ക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും രാവിലെ പ്രതികരിച്ചിരുന്നു.
നാളെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നല്കുന്ന അന്തിമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം ഉണ്ടാവുക.