
ബംഗാളിൽ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കോ ?
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് ഗാംഗുലി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ കണ്ടത്.നാല് മാസങ്ങൾക്ക് ശേഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബി ജെ പിയിൽ ചേർന്നേക്കുമെന്ന് ശക്തമായ പ്രചരണമുണ്ട്. ബി ജെ പിയും മമത ബാനർജിയും തമ്മിൽ ശക്തമായ വാക്പോര് നടക്കുന്നതിനിടെയാണ് ഗവർണറെ മുൻ ഇന്ത്യൻ നായകൻ കണ്ടത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു മാസമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ നിരന്തരം പോർവിളിയിൽ ഏർപ്പെട്ടിരിക്കുകയാണ്.’ഇന്ന് വൈകുന്നേരം ബി സി സി ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി. 1864ൽ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡൻ ഗാർഡൻ സന്ദർശിക്കാനുളള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു’. എന്നായിരുന്നു ഗാംഗുലിക്കൊപ്പമുളള ഫോട്ടോയോടൊപ്പം ഗവർണർ ട്വീറ്റ് ചെയ്തത്.അതേസമയം, രാജ്ഭവൻ സന്ദർശനത്തെ ‘ഉപചാരപൂർവമുളള ക്ഷണം’ എന്നാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.