
നോർത്ത് ഇന്ത്യയിൽ മകളുടെ അസുഖംമാറ്റാൻ സഹോദരന്റെ മകനെ ബലി നൽകി
മകളുടെ രോഗം ഭേദമാകാൻ മൂത്തസഹോദരന്റെ മകനെ ബലിനൽകി. ബീഹാറിലെ ജാമുയി ജില്ലയിലെ സോനോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അരുംകൊല നടന്നത്. മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. അരുംകൊല നടത്തിയ മുപ്പത്തഞ്ചുകാരനായ തൂഭാനി യാദവിനെയും ഒത്താശചെയ്ത ഭാര്യയെയും അവരുടെ അമ്മയെയും പൊലീസ് അറസ്റ്റുചെയ്തു.കഴിഞ്ഞവർഷം തൂഭാനിയുടെ രണ്ടുമാസം പ്രായമുളള കുഞ്ഞ് അസുംഖം ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെ ഇളയകുഞ്ഞിനും രോഗം ബാധിച്ചു. ദുഷ്ടശക്തികളാണ് ഇതിനുപിന്നിലെന്നും മന്ത്രവാദി പറയുന്നതുപാേലെ ചെയ്താൽ എല്ലാപ്രശ്നങ്ങളും മാറുമെന്നും ബന്ധുവായ ഒരാൾ തുഭാനിയെ അറിയിച്ചു. അയാൾ തന്നെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.ഒരു കുഞ്ഞിനെ ബലിനൽകിയാൽ മകളുടെ അസുഖം മാറുമെന്ന് മന്ത്രവാദി തൂഭാനിയെ വിശ്വസിപ്പിച്ചു. തൂഭാനിയുടെ വീട്ടിലെത്തിയ മന്ത്രവാദി ചില പൂജകളും നടത്തി. അതിനുശേഷമാണ് ബലി നൽകേണ്ട കുഞ്ഞിനെ തിരഞ്ഞെടുത്തത്. സഹോദരന്റെ ഏഴുവയസുകാരനായ മകൻ കടയിൽനിന്ന് ബിസ്കറ്റും വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ വാളുമായി പുറകേയെത്തിയ തൂഭാനി ഒറ്റവെട്ടിന് തല വേർപെടുത്തുകയായിരുന്നു. നാട്ടുകാരുടെ കൺമുന്നിലായിരുന്നു ഇത്. തുടർന്ന് തൂഭാനി കുടുംബസമേതം സ്ഥലംവിട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.