
സ്വര്‍ണക്കടത്ത് കേസ്: എൻഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ദേശീയ അന്വേഷണ സംഘം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയാണ് എൻഐഎ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഇതിന് മുൻപും പലവട്ടം എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു.
സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന. കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 83 ക്യാമറകളുടെ ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻഐഎക്ക് സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു. ഇത് വലിയരാഷ്ട്രീയവിവാദമായിരുന്നു.