
സംഗീത് ശിവന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സഹോദരന് സന്തോഷ് ശിവന്. സംഗീതിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സുഖം പ്രാപിക്കുകയാണെന്നും സന്തോഷ് ശിവന് വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഗീത് ശിവന് ചികിത്സയില്‍ കഴിയുന്നത്. നാല് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് സംഗീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായകന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന റിപ്പോർട്ടുകളെ തുടർന്ന് ആശങ്കയിലായിരുന്നു സിനിമാലോകം. ഇതിനിടെയാണ് പ്രതീക്ഷ നൽകുന്ന വാർത്തയുമായി സഹോദരൻ സന്തോഷ് ശിവന്റെ പ്രതികരണം.
സംഗീത് ശിവന്റെ ആരോഗ്യത്തിനായി പ്രാർഥിച്ചവർക്ക് സന്തോഷ് ശിവൻ നന്ദി രേഖപ്പെടുത്തി.
മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. വ്യൂഹം, യോദ്ധാ, ഗാന്ധര്‍വം, നിര്‍ണയം എന്നിവയാണ് സംഗീത് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്ത പ്രധാന സിനിമകള്‍.