
ഡോ.ബിനാ ഫിലിപ്പ് കോഴിക്കോട് മേയർ; വോട്ടെടുപ്പിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു
കോഴിക്കോട് കോർപ്പറേഷൻ മേയറായി ഡോ.ബീനാ ഫിലിപ്പിനെ തെരഞ്ഞെടുത്തു. 49 നെതിരെ 18 വോട്ടുകൾക്കാണ് ബീനയെ നഗരസഭയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. മേയർ വോട്ടെടുപ്പിൽ എൽഡിഎഫിന്റെ വോട്ടുകൾ ചോർന്നു. 51 അംഗങ്ങളുള്ള എൽഡിഎഫിൽ നിന്നും 2 വോട്ടാണ് ചോർന്നത്. ഒരു വോട്ട് എൽഡിഎഫിൽ നിന്ന യുഡിഎഫിന് കിട്ടിയപ്പോൾ, ഒരു വോട്ട് അസാധുവായി. 17 അംഗങ്ങളുള്ള യുഡിഎഫിന് 18 വോട്ടുകൾ കിട്ടി . ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ബിജെപിക്ക് ഏഴ് അംഗങ്ങളാണുള്ളത്.
രണ്ട് വോട്ടുകൾ അപ്രതീക്ഷിതമായി ചോർന്നത് എൽഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ രണ്ട് വോട്ടുകൾ നിർണായകമായില്ല. പൊറ്റമ്മൽ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് ബീന. നടക്കാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായിരുന്നു ബീന. സർക്കാർ സ്കൂളുകളുടെ മുഖംമാറ്റിയ പ്രിസം പദ്ധതിയുടെ സൂത്രധാരകരിൽ ഒരാളായിരുന്നു ഇവർ.
ഉച്ചക്ക് ശേഷം നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മുസാഫിർ അഹമ്മദ് മത്സരിക്കും. കപ്പക്കൽ ഡിവിഷനിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിനാണ് മുസാഫിർ ജയിച്ചത്. കോർപ്പറേഷന്റെ ഭരണം ഇതുവരെ യുഡിഎഫിന് ലഭിച്ചിട്ടില്ല. ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ കോർപ്പറേഷൻ ഭരണം പിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്നു.