
ലൌവ് ജിഹാദ്, കര്‍ഷക സമരം, കാലുവാരല്‍;ബിജെപി-ജെഡിയു ബന്ധം ഉലയുന്നു
ബീഹാർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൽ യുണൈറ്റഡിനെ കാലുവാരി ന്യൂനപക്ഷമാക്കിയതിനെ തുടർന്ന് ബിജെപിക്കും ജെഡിയുവിനും, ഇടയിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കുന്നു. ലവ് ജിഹാദ് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും കർഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിലെ കടുംപിടുത്തവും ജെഡിയുവിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് അരുണാചൽ പ്രദേശിലെ ജെഡിയു എംഎൽഎമാരെ ബിജെപി കൂറുമാറ്റി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോയിരിക്കുന്നത്.
യുപിയിലും മധ്യപ്രദേശിലും ബിജെപി സർക്കാരുകൾ കൊണ്ടുവന്ന വിവാഹത്തിനായുള്ള മതപരിവർത്തന നിരോധന നിയമം ബീഹാറിൽ കൂടി നടപ്പാക്കണം എന്നാണ് ബിജെപി നിലപാട്. എന്നാൽ ഇത് നടപ്പാക്കാൻ കഴിയില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണെങ്കിലും സഖ്യത്തിൽ ബിജെപിയെക്കാൾ ചെറിയ പാർട്ടിയായ ജെഡിയുവിന്റെ നിലപാട്. ഇത് പരസ്യമായി പുറത്തുപറയുകയാണ് ജെഡിയു നേതാവ് കെ സി ത്യാഗി ചെയ്തിരിക്കുന്നത്. നിയമം ബീഹാറിൽ നടപ്പാക്കാനാവില്ല എന്ന് പറഞ്ഞ ത്യാഗി നിയമത്തെ അതിരൂക്ഷമായി വിമർശിച്ചു. ” മതപരിവർത്തന നിരോധന നിയമത്തിലൂടെ അവർ സമൂഹത്തിൽ വിഭജനവും വിദ്വേഷവും സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്, ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്- കെ സി ത്യാഗി പറഞ്ഞു.
അരുണാചൽ പ്രദേശിലെ തങ്ങളുടെ എംഎൽഎ കൂറുമാറ്റി കൊണ്ടുപോയ ബിജെപി നിലപാടിനെ ജെഡിയുവിന്റെ പുതിയ ദേശീയ അധ്യക്ഷൻ ആർ പി സിംഗ് വിമർശിച്ചു. തങ്ങൾ ഒരിക്കലും സഖ്യകക്ഷികളെ വഞ്ചിക്കുന്നവല്ലെന്നും അതിനായി കുതന്ത്രങ്ങൾ മെനയുന്നവരല്ലെന്നും ബിജെപി പരാമർശിച്ചു കൊണ്ട് ആർ പി സിംഗ് തുറന്നടിച്ചു. ചിരാഗ് പസ്വാനെ ഉപയോഗിച്ച് ബീഹാറിൽ തങ്ങളുടെ സീറ്റ് പരമാധി കുറപ്പിക്കാനാണ് ബിജെപി ശ്രമിച്ചത് എന്ന അഭിപ്രായം ശക്തിപ്രാപിക്കുന്നതിനിടയിലാണ് പുതിയ അഭിപ്രായ വ്യത്യാസങ്ങൾ സഖ്യ കക്ഷികൾക്കിടയിൽ തലപൊക്കുന്നത്. ഇത് ബീഹാർ സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നിലയിലേക്ക് വളരുകയാണ്.