
വീട്ടമ്മയുടെ നേരെ പീഡനശ്രമം; പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്തു
തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ ലൈംഗികമായി ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ വീട്ടമ്മയുടെ ഭർത്താവും നാട്ടുകാരും ചേർന്ന് ശരിക്കും കൈകാര്യം ചെയ്തു. രാജസ്ഥാനിലെ ഝാൽവാർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.സംഭവം ഇങ്ങനെ. തൊഴിലുറപ്പ് പദ്ധതി സൂപ്പർവൈസറായ രാകേഷ് രാത്തോർ എന്ന 28കാരനെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ രാകേഷ് നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വീട്ടമ്മ വിവരം ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഭർത്താവ് രാകേഷിനോട് ഇങ്ങനെ പെരുമാറരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് കേൾക്കാത്ത രാകേഷ് രാത്തോർ വീണ്ടും ശല്യം തുടർന്നു.തുടർന്ന് ബാഖർ ഗ്രാമത്തിൽ വച്ച് ഇയാളെ പിടികൂടിയ വീട്ടമ്മയുടെ ഭർത്താവ് നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ മർദ്ദിക്കുകയും വസ്ത്രങ്ങൾ കീറിക്കളഞ്ഞ് നഗ്നനാക്കി ചെരുപ്പ്മാലയണിയിച്ച് നടത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് നാട്ടുകാരായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ഭർത്താവ് ഒളിവിലാണ്. വീട്ടമ്മയെ ശല്യപ്പെടുത്തിയെന്ന കേസിൽ രാകേഷ് രാത്തോറിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൂട്ടം ചേർന്ന് മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും വീട്ടമ്മയുടെ പരാതിയിൽ ലൈംഗിക അതിക്രമത്തിന് രാകേഷ് രാത്തോറിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.