
ബിസിനസ് ശത്രുതയെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് കൊലപ്പെടുത്തി
ബിസിനസ് ശത്രുതയെ തുടർന്ന് യുവാവിനെ രണ്ടംഗ സംഘം കൊലപ്പെടുത്തി. പട്ടാപകൽ നിരവധി വാഹനങ്ങളോടുന്ന നടുറോഡിലിട്ട് മർദ്ദിച്ച് കൊല്ലുകയായിരുന്നു.യു.പിയിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. 23 വയസുകാരനായ അജയ് കുമാറാണ് മരിച്ചത്. ഗാസിയാബാദിൽ അങ്കൂർ വിഹാറിൽ നടന്ന സംഭവത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇരുമ്പു വടികളുമായി രണ്ടുപേർ അജയിനെ ചുറ്റുംനിന്ന് മർദ്ദിച്ചത് അതുവഴി പോയവരിൽ പലരും വീഡിയോയിൽ പകർത്തി. എന്നാൽ ആരും അജയിനെ സഹായിക്കാനെത്തിയില്ല. രണ്ട് വിഭാഗക്കാരും പൂ കച്ചവടക്കാരാണെന്ന് പൊലീസ് പറയുന്നു. ലോണി എന്ന സ്ഥലത്തെ ക്ഷേത്രത്തിനു മുന്നിലെ പൂ കച്ചവടക്കാരാണ് പ്രതികൾ. ഇവരുടെ കച്ചവടം ദിനംപ്രതി കുറയുകയും അജയ് കുമാറിന്റേത് വളരുകയും ചെയ്തതിന്റെ പ്രതികാരമാണ് സംഭവം. ഗോവിന്ദ് ശർമ്മ(21), അമിത് കുമാർ(22) എന്നിവരാണ് പ്രതികൾൽ ഇരുവരും ഡൽഹി സരിത വിഹാർ സ്വദേശികളാണ്.പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ.ക്ഷേത്രത്തിന് മുന്നിൽ കുറച്ചുകാലമായി പൂവ് കച്ചവടം നടത്തുന്നയാളാണ് ഗോവിന്ദ്. ആ സമയത്താണ് എട്ടുമാസം മുൻപ് അജയ് കുമാർ അവിടെ കച്ചവടം തുടങ്ങിയത്. തുടർന്ന് ബിസിനസ് നഷ്ടമായതും കൂട്ടുകാരനുമായി ചേർന്ന് ഗോവിന്ദ് അജയ് കുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് അജയിനെ ആശുപത്രിയിലെത്തിക്കുകയും പ്രതികളിലൊരാളെ പിടികൂടുകയും ചെയ്തു. എന്നാൽ അജയ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.