
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി
കേരള പര്യടനത്തിലെ നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോട്ട് കുതിക്കാൻ വിവിധ വിഭാഗങ്ങളുടെ സഹായം സ്വീകരിക്കും. കേരളത്തിന്റെ വികസനം മുൻനിർത്തിയുളള ചർച്ചകളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾകേരളത്തിന്റെ മുന്നേറ്റത്തിൽ എല്ലാവരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്ന് എല്ലാ ജില്ലകളിൽ നിന്നും ആവശ്യം ഉയർന്നു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട മികച്ച ചർച്ചകളാണ് നടന്നത്. ഇടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. സർക്കാർ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉളളത്.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൽ ഡി എഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചർച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുളള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം.നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുന്നോട്ട് കുതിക്കാനുളള ആത്മവിശ്വാസം എൽ ഡി എഫിനും സർക്കാരിനുമുണ്ട്. ആ കുതിപ്പിന് ദിശാബോധം നൽകാൻ ഈ കാഴ്ചപ്പാടുകൾക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുൻഗണനാ ക്രമത്തിൽ കർമ്മ പദ്ധതികളും ഉണ്ടാകണം.ഇപ്പോൾ കൊവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ്. വിപുലമായ പരിപാടികൾ പ്രായോഗികമല്ല. സമൂഹത്തിന്റെ അഭിപ്രായങ്ങൾ മനസിലാക്കുക പ്രധാനമാണ്. അല്ലാതെ ഭാവി കേരളത്തിന് വേണ്ട രൂപരേഖ പൂർണതയിലെത്തിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരുമായി സംവദിക്കാൻ തീരുമാനിച്ചത്. കേരള പര്യടനം ഈ മാസം 22 ന് ആരംഭിച്ചു. ഇതോടെ 11 ജില്ലകൾ പിന്നിട്ടു. നാളെ എറണാകുളവും ആലപ്പുഴയുമാണ്. ഇടുക്കി ജില്ലയിൽ പിന്നീട് പര്യടനം നടത്തും. എൽ ഡി എഫിനോട് അകലം പാലിച്ച് നിന്നവരും യു ഡി എഫിനെ എക്കാലത്തും സഹായിച്ചവരും കേരള പര്യടനത്തിൽ പങ്കെടുത്തു.