
പഠിക്കാത്തതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞു; 14കാരൻ ഒന്നര ലക്ഷവുമായി ഗോവയിലേക്ക് നാടുവിട്ടു
പഠനത്തിൽ ഉഴപ്പിയതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിൽ മനംനൊന്ത് 14കാരൻ വീടുവിട്ടത്. വീട്ടിൽനിന്ന് ഒന്നര ലക്ഷം രൂപയുമെടുത്ത് പത്താം ക്ലാസുകാരൻ പോയത് ഗോവയിലേക്ക്. ഏറെ അന്വേഷണത്തിനൊടുവിൽ വിദ്യാർഥിയെ പുണെയിൽനിന്ന് പൊലീസ് കണ്ടെത്തി.
ദിവസങ്ങൾക്ക് മുമ്പാണ് വിദ്യാർഥി വീടുവിട്ടത്. മാതാപിതാക്കൾക്ക് പുറമെ മുത്തച്ഛനും വിദ്യാർഥിയെ ശാസിച്ചിരുന്നു. മകനെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് പണം നഷ്ടപ്പെട്ടകാര്യവും വീട്ടുകാർ അറിയുന്നത്. മാതാപിതാക്കളുടെ പരാതിയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഗോവയിലേക്കാണ് പോയതെന്നും ക്ലബുകളിലാണ് സമയം ചെലവഴിച്ചതെന്നും പൊലീസ് കണ്ടെത്തി.
പുണെ പൊലീസിൻെറ സഹായത്തോടെ വിദ്യാർഥിയെ വഡോദരയിലെത്തിക്കുകയും വീട്ടുകാർക്കൊപ്പം വിട്ടയക്കുകയും ചെയ്തു.