
കര്‍ഷകരുമായി നടത്തിയ കൂടിയാലോചനകളുടെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം
കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ എന്‍ഡിടിവി നല്കിയ വിവരാവകാശ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി കൂടിക്കാഴ്ചകള്‍ക്കു ശേഷമാണ് മൂന്നു കാര്‍ഷിക ബില്ലുകളും പാസാക്കിയത് എന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തു വരുന്നത്.
കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകള്‍, സമയം, ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകരുടെയും സംഘടനകളുടെയും വിവരങ്ങള്‍ തുടങ്ങിയവയാണ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്
തിങ്കളാഴ്ച കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ലൈവിലും കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ ചര്‍ച്ചകള്‍ നടന്നെന്ന് അവകാശപ്പെട്ടിരുന്നു. ‘ദീര്‍ഘകാലം ഈ നിയമങ്ങള്‍ രാജ്യത്ത് ചര്‍ച്ച ചെയ്തിട്ടുണ്ട്. ധാരാളം സമിതികള്‍ രൂപീകരിച്ച് രാജ്യത്തുടനീളം നിരവധി കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്’ – എന്നാണ് മന്ത്രി പറഞ്ഞിരുന്നത്.
ഈ മാസം ആദ്യം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും സമാന അവകാശവാദം ഉന്നയിച്ചിരുന്നു. 1.37 ലക്ഷം വെബിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു, അതില്‍ 92.42 ലക്ഷം കര്‍ഷകര്‍ പങ്കെടുത്തു എന്നിങ്ങനെയാണ് പ്രസാദ് പറഞ്ഞിരുന്നത്.
കേന്ദ്രത്തിന്റെ ഈ അവകാശവാദങ്ങള്‍ക്കിടെയാണ് ഇതു സംബന്ധിച്ച ഒരു വിവരങ്ങളും സൂക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.
ഇന്ന് നിര്‍ണായക ചര്‍ച്ച
അതിനിടെ, ഇന്ന് കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആറാം വട്ട ചര്‍ച്ച നടക്കും. ഡല്‍ഹി വിജ്ഞാന് ഭവനില്‍ രണ്ടു മണിക്കാണ് ചര്‍ച്ച.നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചര്‍ച്ച എന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.