
കോവിഡ്: ഉപരോധത്തിനു മേൽ ഉപരോധവുമായി ഗസ്സയിലെ ജീവിതം
ദുരിതത്തിൽനിന്നും മറ്റൊരു ദുരിതത്തിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് ഗസ്സ നിവാസികളുടെ ജീവിതം. കോവിഡ് കാലം ഇരട്ട ഉപരോധത്തിെൻറ കാലംകൂടിയാണവർക്ക്. ദിവസത്തിൽ ആകെ ആറു മണിക്കൂർ മാത്രം വൈദ്യുതി ലഭിക്കുന്ന നാട്ടിൽ കോവിഡ് മഹാമാരി ദുരിതംകൂടി അരങ്ങേറിയാലുള്ള അവസ്ഥ ദുരിതം നിറഞ്ഞതാണ്. ഗസ്സയിലെ ജീവിതം ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊന്നിലേക്ക് ഇടവേളകളില്ലാതെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഹമാസ് ഉദ്യോഗസ്ഥനായ മഹമൂദ് അബു സമാൻ പറയുന്നു.
കോവിഡ് തുടക്കകാലത്തുതന്നെ ഗസ്സയിൽ 36,000 കേസുകളും 310 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ഇവിടെ വൈറസ് അതിവേഗം പടർന്നു. ജനസംഖ്യയുടെ 70 ശതമാനവും തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികളാണ്. പള്ളികളിലെ ജുമുഅ പ്രാർഥന അടക്കം താൽക്കാലികമായി നിർത്തിെവച്ചിരിക്കുകയാണ്. ലോക്ഡൗണിൽ ആയിരക്കണക്കിന് ആളുകൾക്ക് ജോലിയില്ലാതായി. താനും നാലുപേരടങ്ങുന്ന കുടുംബവും കോവിഡ് പോസിറ്റിവ് ആണെന്നും ഇത് കൊറോണ വൈറസല്ല, മറിച്ച് തങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ഉപരോധ വൈറസ് ആണെന്നും അബു സമാൻ പറയുന്നു. ഗസ്സ ആശുപത്രികളിലെ സ്ഥിതിയാണ് അതിഗുരുതരം. ചികിത്സ സംവിധാനങ്ങളോ മരുന്നോ ഇല്ല.