
ഷീ ഷോർട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി സൂപ്പർ സ്റ്റാറുകളും അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരും
സ്ത്രീ സുരക്ഷ വിഷയമാക്കി നടത്തുന്ന ‘ഷീ’ ഷോർട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകളും അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരും. മമ്മൂട്ടി, മോഹൻലാൽ, സരേഷ് ഗോപി, മഞ്ജുവാര്യർ , ഖുശ്ബു സുന്ദർ എന്നിവർ ഫെസ്റ്റിവലിന്റെ ബ്രോഷർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് പിന്തുണ അറിയിച്ചതെന്ന് ഫെസ്റ്റിവൽ ഉപദേശക സമിതി അംഗം ജി. സരേഷ് കുമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.എഴുത്തുകാരിയും പോർച്ചുഗീസ് സംവിധായികയുമായ മാർഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെൻ ഹോംസ് , അവാർഡ് നേടിയ ഐറിഷ് നടി ആൻഡ്രിയ കെല്ലി , ബ്രിട്ടീഷ് സംവിധായിക അബിഗയിൽ ഹിബ്ബർട്ട് , ക്രൊയേഷ്യൻ നടി ഇവാന ഗ്രഹോവാക് , ബ്രിട്ടീഷ് നടൻ ക്രിസ് ജോൺസൺ, ബ്രിട്ടീഷ് നടിമാരായ ആലീസ് പാർക്ക് ഡേവിസ്, വെറോണിക്ക ജെഎൻ ട്രിക്കറ്റ് , അമേരിക്കൻ നടൻ ഫ്രെഡ് പാഡില്ല തുടങ്ങി അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരും നവമാധ്യമങ്ങളിലൂടെ ഷീ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി എത്തിയതായും സരേഷ് കുമാർ പറഞ്ഞു.സുഗതകുമാരി ടീച്ചർ അവസാനമായി സംസാരിച്ചത് ”ഷീ’ ഷോർട് ഫിലിം ഫെസ്റ്റിവലിന് വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാൻ ജീവൻ ത്യജിച്ച രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.ജടായു രാമ കൾച്ചറൽ സെന്റർ നടത്തുന്ന ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ പരോഗമിക്കുകയാണ്. ആദ്യ രജിസ്ട്രേഷൻ, രാജഗിരി കോളേജ് വിദ്യാർഥിനിയായ എം.എസ് ധ്വനി, ഭവൻസ് വരുണ വിദ്യാലയത്തിലെ എം.എസ്.ധാത്രി എന്നീ കുട്ടികളിൽ നിന്നും സ്വീകരിച്ചുകൊണ്ട് തിരക്കഥാകൃത്ത് ജോൺ പോളും സംവിധായകൻ എം മോഹനും മേജർ രവിയും കലാഭവൻ പ്രസാദ് എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തിരുന്നു.ഫെബ്രുവരി 15 ആണ് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി . പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങൾ എച്ച് ഡി ഫോർമാറ്റിൽ ആയിരിക്കണം സമർപ്പിക്കേണ്ടത്. ജേതാക്കൾക്ക് അവാർഡു തുകയക്ക് പുറമെ പ്രമുഖ സംവിധായകരുടെ കൂടെ പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും.ഒന്നാം സമ്മാനം 50,000 രുപ , രണ്ടാം സമ്മാനം 25,000 രൂപ , മൂന്നാം സമ്മാനം 15,000രൂപ ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് 10,000 രൂപവീതം എന്നിങ്ങനെയാണ് സമ്മാന തുക.മല്ലിക സുകുമാരൻ, രാധ , എം ആർ ഗോപകുമാർ, വിജി തമ്പി, തുളസിദാസ്, മേനക, ജലജ, പ്രവീണ, മായാ വിശ്വനാഥ്, രാധാകൃഷ്ണൻ, ഗിരിജ സേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിക്കുക.സംവിധായകരായ പ്രിയദർശൻ, രാജസേനൻ, രാജീവ് അഞ്ചൽ, ജി എസ് വിജയൻ, വേണു നായർ, മേജർ രവി, നടൻ സരേഷ് ഗോപി, ഖുശ്ബു സുന്ദർ , നിർമ്മാതാവ് ജി സരേഷ് കുമാർ, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയിൽ ഉള്ളത്. സംവിധായകൻ ശ്രീവല്ലഭൻ, ശരത് ചന്ദ്ര മോഹൻ, ജെ എസ് ആനന്ദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.