
പൂജാരിയെന്ന വ്യാജേന എത്തി ദമ്പതികളെ ആക്രമിച്ച് സ്വർണവും പണവും കവർന്നു
പൂജാരിയെന്ന വ്യാജേനയെത്തി ദമ്പതികളെ ആക്രമിച്ച് സ്വർണവും പണവും കവർന്നു.തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. വെല്ലകോയിൽ ഫർണിച്ചർ കട നടത്തുന്ന അറുമുഗം (65), ഭാര്യ എ ഈശ്വരി (55) എന്നിവരെയാണ് മുപ്പത്തിയഞ്ചുകാരനായ ശക്തിവേൽ അരിവാൾ കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈശ്വരി മരിച്ചു.
അറുമുഖം ആശുപത്രിയിൽ ചികിത്സയിലാണ്. താൻ പൂജാരിയാണെന്നായിരുന്നു പ്രതി ദമ്പതികളോട് പറഞ്ഞിരുന്നത്. ചൊവ്വാഴ്ച ഇയാൾ ഇവരുടെ വീട്ടിൽ ഒരു പൂജ നടത്തുകയും ചെയ്തു. ശേഷം ഫർണിച്ചർ കടയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും, അവിടെയും പൂജ നടത്തണമെന്ന് പ്രതി ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.തുടർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മൂന്ന് പേരും കൂടി ഫർണിച്ചർ കടയിലെത്തുകയും, അവിടെവച്ച് പ്രതി ദമ്പതികളെ അരിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും, പതിനായിരം രൂപയും തട്ടിയെടുത്ത് ഓടിപ്പോകുകയും ചെയ്തു.സംഭവസ്ഥലത്തുവച്ച് തന്നെ ഈശ്വരി മരണമടഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 397 (കവർച്ച) ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.