
പരോളിലിറങ്ങിയ പീഡനക്കേസിലെ പ്രതി രണ്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പരോളിലിറങ്ങിയ പീഡനകേസുൾപ്പടെയുള്ള കേസിൽ പ്രതിയായ ക്രിമിനൽ രണ്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് ക്രൂരസംഭവം റിപ്പോർട്ട് ചെയ്തതുയ . ബലാത്സംഗം, മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ആദേഷ് പാട്ടീലാണ് രണ്ട് വയസുള്ള ആദിവാസി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം അയാൾ വീടിന് സമീപത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാത്രിയിൽ വീടിന് സമീപമെത്തിയ ഇയാൾ വീടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയ ശേഷം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പുലർച്ചയോടെ കുട്ടിയെ കാണ്മാനില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ബഹളം കൂട്ടുകയും സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. നായകൾ കുരയ്ക്കുന്നത് ശ്രദ്ധിച്ച് പിന്തുടർന്ന കുട്ടിയുടെ മുത്തശ്ശിയാണ് കുഞ്ഞിനെ ഒരാൾ വലിച്ചെറിഞ്ഞ ശേഷം ഓടിയകലുന്നത് കണ്ടത്. തുടർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. അതേസമയം ക്രൂരകൃത്യത്തിന് ശേഷം ഓടിപ്പോയ ആദേഷ് പാട്ടീൽ സ്വന്തം വീട്ടിലെത്തി ഉറങ്ങുകയായിരുന്നു. പൊലീസ് ഇയാളെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.