
ഫാഷൻ വിസ്മയം പിയറി കാർഡിൻ ഓർമയായി
പ്രമുഖ ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ (98) അന്തരിച്ചു. ആറു പതിറ്റാണ്ട് ഫാഷൻ രംഗത്തു നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. 1950കളിൽ ഫാഷൻ മേഖലയിൽ എത്തിയ അദ്ദേഹം പിന്നീട് നിരവധി ഉൽപന്നങ്ങളുടെ വിശ്വസനീയ ബ്രാൻഡ് നാമമായി മാറി. പേനയും പെർഫ്യൂമും വാഹനവും അടക്കമുള്ളവ ഇന്ത്യയുൾപ്പെടെ ലോകമൊട്ടാകെയുള്ള ഒരുലക്ഷത്തോളം ഔട്ട്ലെറ്റുകളിലൂടെ വിറ്റുപോയി. ഗ്രാഫിക് പാറ്റേണുകളിൽ പുതുമയുള്ള വസ്ത്രങ്ങളിലൂടെയാണു പിയറി കാർഡിൻ ശ്രദ്ധ നേടിയത്. അമേരിക്കൻ മോേട്ടാർ കോർപറേഷേൻറതുൾപ്പെടെ വാഹനരംഗത്തും നിരവധി മോഡലുകൾ അവതരിപ്പിച്ചു. 1922 ജൂലൈ ഏഴിന് ഇറ്റലിയിൽ വെനീസിനടുത്ത് ഇടത്തരം കുടുംബത്തിൽ ജനിച്ച കാർഡിൻ പിന്നീട് മധ്യ ഫ്രാൻസിലേക്കു താമസം മാറ്റി. 14ാം വയസ്സിൽ തയ്യൽ സഹായി ആയി ചേർന്ന അദ്ദേഹം 1945ൽ പാരിസിലെ പ്രമുഖ വസ്ത്ര രൂപകൽപനാവിദഗ്ധരുടെയും കൂടെ പ്രവർത്തിച്ചു. 1950ൽ സ്വന്തം ഫാഷൻ ഹൗസ് തുറന്ന കാർഡിൻ പ്രദർശനങ്ങളിലെ വസ്ത്ര ശേഖരം വിറ്റ ആദ്യത്തെ ഡിസൈനറും ആയിരുന്നു