
ഇന്‍ഡോറില്‍ മുസ്ലിം പള്ളി ആക്രമിച്ചതിന് തൊട്ടുപിന്നാലെ 80 ഓളം വീടുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്
ഇന്‍ഡോറില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതിന് തൊട്ടടുത്ത ദിവസം 80ഓളം വീടുകള്‍ അധികൃതര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 29നാണ് ഇന്‍ഡോറില്‍ സാമുദായിക സംഘര്‍ഷം അരങ്ങേറിയത്. അതെ സമയം വീടുകള്‍ തകര്‍ത്തത് റോഡ് വികസനത്തിന് വേണ്ടിയാണെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29ലെ സംഭവത്തോടുള്ള പ്രതികാരമാണ് വീടുകള്‍ തകര്‍ക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനിടയില്‍ സര്‍ക്കാര്‍ നടപടി ഒരു സമുദായത്തെ മാത്രം ഉന്നം വെച്ചല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് സോങ്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്‍ഡോറിലെ ചന്ദന്ഖേദ് ഗ്രാമത്തിലെ മുസ്ലിം പള്ളിക്ക് മുമ്പില്‍ വെച്ച് 200ഓളം പേര് ഹനുമാന് ചാലിസ ജപിച്ച് പള്ളി നശിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയുള്ള പണപിരിവിന് വേണ്ടിയാണ് സംഘം വന്നതെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന് വന്ന യുവാക്കള്‍ വീടുകള്‍ക്ക് മുകളില്‍ കയറി കാവികൊടി നാട്ടുന്ന വീഡിയോയും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉജ്ജ്വയിനിലെ സംഘര്‍ഷത്തിന് ശേഷമുള്ള രണ്ടാമത്തെ സംഘര്‍ഷമാണ് മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഡോറില്‍ പ്രശ്നം നടന്നയിടം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബീഗം ബാഗിലായിരുന്നു.