
പ്രവാസി ഇന്ത്യക്കാർക്ക് ഇ ബാലറ്റ് ഏർപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി
പ്രവാസി ഇന്ത്യക്കാർക്ക് ഇ ബാലറ്റ് ഏർപ്പെടുത്താത്തതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യമന്ത്രാലയവും വിശദമായ ചർച്ചയാണ് നടത്തിയത്. കരട് രൂപരേഖ കമ്മിഷൻ കൈമാറുകയും ചെയ്തു. എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണമെന്ന നിർദേശത്തോടെയാണ് ഇ ബാലറ്റിനെ വിദേശകാര്യമന്ത്രാലയം അനുകൂലിച്ചത്. അടുത്ത വർഷം കേരളത്തിലുൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ ബാലറ്റ് സംവിധാനം ഏർപ്പെടുത്താൻ സാങ്കേതികമായും നടത്തിപ്പുപരമായും തയ്യാറാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ആദ്യഘട്ടത്തിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ചേക്കില്ല. ഇ ബാലറ്റിന് 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തിയാൽ മതിയെന്നാണ് കമ്മിഷന്റെ നിർദേശം. ഇക്കാര്യത്തിൽ നിയമമന്ത്രാലയം ഉടൻ തീരുമാനമെടുക്കും.206 രാജ്യങ്ങളിലായി 1.7 കോടി പ്രവാസികളുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ച് 99,807 പേർ വോട്ടർപട്ടികയിൽ പേര് ചേർത്തു. ഇതിൽ 85,161 പേർ കേരളത്തിൽ നിന്നാണ്.