
മദ്യവില കൂട്ടാൻ ബെവ്കോ; തീരുമാനം ഉടൻ സർക്കാർ അംഗീകാരം നൽകും
സംസ്ഥാനത്ത് മദ്യവില കൂട്ടുന്നു. നിർമ്മാതാക്കളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർദ്ധനയുണ്ടാകും. ബെവ്കോയുടെ തീരുമാനം സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.മദ്യം ഉത്പാദിപ്പിക്കുന്നതിനുളള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുളള കരാർ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാൽ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വിലകൂട്ടിയിരുന്നില്ല.അതേസമയം, കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയർത്തിയിരുന്നു. വിലവർദ്ധനവിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബെവ്കോ.