
ഗെയിൽ: കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ
ഗെയിൽ പദ്ധതി പൂർത്തിയാക്കിയതിന് കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും ഉദ്ഘാടനചടങ്ങിൽ നരേന്ദ്രമോദി പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജുഭായ് വാല, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പരിപാടിയിൽ സംബന്ധിച്ചു.
ഗെയിൽ പൈപ്പ്ലൈൻ യാഥാർത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട പദ്ധതി പൂർത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയിൽ പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് നടത്തിയ പ്രവർത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.