
നടി ടാനിയ റോബർട്ട് അന്തരിച്ചു
ജയിംസ് ബോണ്ട് ചിത്രമായ ‘എ വ്യൂ ടു എ കിൽ’ താരം ടാനിയ റോബർട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ നടി മരിച്ചുവെന്ന രീതിയിൽ വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു.
ടാനിയ മരിച്ചുവെന്ന് ആശുപത്രി അധികൃതർ ഞായറാഴ്ച പങ്കാളിയായ ലാൻസ് ഓബ്രിയനെ അറിയിച്ചതായി നടിയുടെ ഔദ്യോഗിക വക്താവ് മൈക്ക് പിങ്ങൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ടാനിയ മരിച്ചിട്ടില്ലെന്നും, ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ ലാൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൈക്ക് തന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.
ഡിസംബർ 24 ന് ഹോളിവുഡ് ഹിൽസ് ഹോമിന് സമീപം തന്റെ നായകളോടൊപ്പം നടക്കുന്നതിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ലോസ് ഏഞ്ചൽസിലെ സിദാർസിനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. നടി കൊവിഡ് ബാധിതയല്ലെന്ന് മൈക്ക് അറിയിച്ചിരുന്നു.
മോഡലായ ടാനിയ 1975 ലാണ് സിനിമയിലേക്ക് ചുവടുവച്ചത്.1985 ലെ ജയിംസ് ബോണ്ട് ചിത്രം എ വ്യൂ ടു എ കില്ലിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.നിരവധി സിനിമകളിൽ അഭിനയിച്ച ടാനിയ ദാറ്റ് സെവൻറി ഷോ എന്ന ടെലിവിഷൻ സീരിസിലും പ്രത്യക്ഷപ്പെട്ടു.