
തിരഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം ;ഡി വൈ എഫ് ഐ
തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന യൂത്ത് കോൺഗ്രസ് ആവശ്യം പാപ്പരത്തമെന്ന് ഡി വൈ എഫ് ഐ. തിരഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന് അകത്താണ് ആദ്യം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അവർ ആദ്യം സ്വയം പഠിക്കട്ടെയെന്നും ഡി വൈ എഫ് ഐ വിമർശിച്ചു.നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുമോ എന്നത് സംഘടന വലിയ വിഷയമായി കാണുന്നില്ല. അങ്ങനെ ഒരു ആവശ്യവും പാർട്ടി നേതൃത്വത്തിന് മുന്നിൽ വയ്ക്കാറില്ല. ഇനിയും ആവശ്യപ്പെടില്ലെന്നും ഡി വൈ എഫ് ഐ അറിയിച്ചു.പത്ത് ശതമാനം സീറ്റുകൾ മാത്രമേ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. നാല് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്. തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെ എസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മത്സരിക്കേണ്ടി വരുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് ആവശ്യം.