
സ്വാശ്രയ കോളേജ് ജീവനക്കാരുടെ നിയമന-സേവന വ്യവസ്ഥകൾ നിർണയിക്കുന്നതിന് നിയമം വരുന്നു
കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിൻറെ കരട് മന്ത്രിസഭ അംഗീകരിച്ചു.
ബിൽപ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവർ, കോളേജ് നടത്തുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കണം. ശമ്പള സ്കെയിൽ, ഇൻക്രിമെൻറ്, ഗ്രേഡ്, പ്രോമോഷൻ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ കരാറിൽ ഉണ്ടാകണം. തൊഴിൽ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സർക്കാർ-എയ്ഡഡ് കോളേജുകൾക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇൻഷൂറൻസ് പദ്ധതി ഏർപ്പെടുത്തണം. നിയമനപ്രായവും വിരമിക്കൽ പ്രായവും സർവകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളേജുകുളിലെ വിദ്യാർത്ഥികൾക്കും അധ്യാപക-അനധ്യാപക ജീവനക്കാർക്കും വിദ്യാഭ്യാസ ഏജൻസിയുടെ നടപടിയെക്കതിരെ സർവകലാശാലയിൽ അപ്പീൽ ഫയൽ ചെയ്യാൻ അധികാരമുണ്ടാകും. സർവകലാശാല സിണ്ടിക്കേറ്റ് പരാതി തീർപ്പാക്കണം.
സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സർവകലാശാലയിൽ വിദ്യാഭ്യാസ ഏജൻസി രജിസ്റ്റർ ചെയ്യണം. നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം ഇതു പൂർത്തിയാക്കണം. രജിസ്ട്രേഷൻ വ്യവസ്ഥകൾ സർവകലാശാല തീരുമാനിക്കും.
നിയമം പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം കോളേജുകളിൽ ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, പി.ടി.എ, വിദ്യാർത്ഥി പരാതി പരിഹാര സെൽ, കോളേജ് കൗൺസിൽ, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം.
ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്നവർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.
മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിർമാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്റെ കരട് മന്ത്രിസബ അംഗീകരിച്ചു.