
സിബിഐ കൂടുതൽ രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചില്ല; ലാവലിൻ കേസിൽ ഇന്ന് നിർണായക ദിനം
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ ലാവലിന് കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സിബിഐയുടെ ആവശ്യപ്രകാരം 21 തവണയാണ് മാറ്റിവെച്ചത്. കേസ് ഉടനെ പരിഗണിക്കണമെന്ന ഹർജി ഫയൽ ചെയ്ത ശേഷം തുടർച്ചയായി നാല് തവണയാണ് കേസ് മാറ്റിവെക്കാൻ സിബിഐ ആവശ്യപ്പെട്ടത്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്നു പറഞ്ഞാണ് കേസ് മാറ്റിവെക്കാൻ സിബിഐ ആവശ്യപ്പെട്ടത്. വിചാരണ കോടതിയും ഹൈക്കോടതിയും തള്ളി കേസിൽ ശക്തമായ വാദം ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സിബിഐ അറിയിച്ചിരുന്നു.
കേസ് അവസാനമായി പരിഗണിച്ച ഡിസംബർ 14 ന് സിബിഐയുടെ ആവശ്യപ്രകാരം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐയുടെ നടപടിയിൽ ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. സിബിഐ സമർപ്പിക്കാമെന്ന് പറഞ്ഞ രേഖകൾ ഉടൻ സമർപ്പിച്ചില്ലെങ്കിൽ മറ്റ് നടപടികളിലെക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം കേസിൽ സിബിഐ ഇതുവരെ കൂടുതൽ രേഖകൾ സർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ഇന്ന് പരിഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ നടപടി കേസിൽ നിർണായകമാകും.
കേസിൽ പിണറായി വിജയനെ പ്രതിയാക്കിയുള്ള സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി റദ്ദാക്കിയിരുന്നു. 3 ഉദ്യോഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് സിബിഐ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധിച്ചു. പിണറായിക്കെതിരായ വിചാരണ റദ്ദാക്കിയ സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. 2017 ഒക്ടോബറിലാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.