
കെ.എം ഷാജിയെ വിജിലന്സ് ചോദ്യം ചെയ്യുന്നു
അഴീക്കോട് സ്കൂൾ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. മൂന്ന് മണി മുതലാണ് എം.എൽ.എയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്.2014ൽ യു.ഡി.എഫ് ഭരണകാലത്ത് ഷാജിയുടെ മണ്ഡലമായ അഴീക്കോടുളള ഹൈസ്ക്കൂളിൽ പ്ളസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് സി.പി.എം നേതാവ് കുടുവൻ പദ്മനാഭൻ മുൻപ് പരാതി നൽകിയിരുന്നു. ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാൻ 25 ലക്ഷം തരാമെന്ന് സ്കൂൾ മാനേജ്മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഈ പണം മറ്റാരുമറിയാതെ കെ.എം. ഷാജി കൈക്കലാക്കിയെന്ന് ലീഗിന്റെ പ്രാദേശിക നേതാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. ഈ കത്ത് തെളിവാക്കി പരാതിക്കാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഉൾപ്പടെ വിമർശിക്കുന്നതിനാലും പ്രാദേശികമായി വിരോധമുളളവരും ചേർന്ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.2017ൽ എഫ്.ഐ.ആറിട്ട് പൊലീസ് അന്വേഷണം തുടങ്ങിയ കേസ് കോടതിയിലെത്തിയപ്പോൾ നിലനിൽക്കുന്നതാണെന്ന് കോടതി അറിയിച്ചു. പിന്നീട് കോടതി നിർദ്ദേശപ്രകാരം ഇ.ഡിയും കേസ് അന്വേഷണം ആരംഭിച്ചു. എൻഫോഴ്സ്മെന്റ് അധികൃതർ കോർപറേഷനോട് ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മാലൂർകുന്നിലെ ഷാജിയൂടെ വീട്ടിൽ നടത്തിയ അളവെടുപ്പിൽ വീട്ടിൽ അനധികൃത നിർമ്മാണവും കണ്ടെത്തിയിരുന്നു. ഇ.ഡി കോഴിക്കോട് സബ് സോണലിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ഷാജി ഉൾപ്പടെ മുപ്പത്പേരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു.