
കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്ന് ഗവര്ണര്
സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികൾ നേരിട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സർക്കാർ നേരിട്ടു .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സർക്കാർ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിൻറെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിത്. മുൻഗണ നൽകും. പ്രവാസി പുനരധിവാസത്തിന് പ്രത്യേക പരിഗണന നൽകുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാർഡുകളുമായിട്ടാണ് പ്രതിപക്ഷത്തിൻറെ രംഗപ്രവേശം. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ പ്രതിപക്ഷം സഭയിൽ ഇറങ്ങിപ്പോയി. സഭാകവാടത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തരുതെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാൻ അനുവദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.ഈ മാസം 28 വരെയാണ് സഭ സമ്മേളിക്കുന്നത്. 15നാണ് പിണറായി സർക്കാരിൻറെ അവസാന ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്മേളനമായതിനാൽ ഭരണ,പ്രതിപക്ഷങ്ങളുടെ നേർക്ക് നേർ ഏറ്റുമുട്ടലിൻറെ വേദി കൂടിയാകും നിയമസഭ സമ്മേളനം.
സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിൻറെ നീക്കം.തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാനാണ് സർക്കാരിൻറെ ശ്രമം.