
ഫ്ലിപ്കാർട്ടിലും സ്വിഗ്ഗിയിലും ആദായനികുതി വകുപ്പ് പരിശോധന
ഇ-കോമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ടിലും ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗിയിലും ആദായ നികുതി വകുപ്പിന്റെ സർവേ. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. ജി.എസ്.ടിയിൽ കൃത്രിമം കാണിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിനായി ദേശവ്യാപകമായി നികുതി വകുപ്പ് നടത്തുന്ന നടപടികളുടെ ഭാഗമാണ് ഇതും.
ഫ്ലിപ്കാർട്ടിന്റെ ലോജിസ്റ്റിക് വിഭാഗമായ ഇൻസ്റ്റാകാർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിലാണ് പരിശോധന നടത്തിയത്. ഇതിന് പുറമേ ഫ്ലിപ്കാർട്ടിനായി റിക്രൂട്ട്മെന്റ് നടത്തുന്ന ഏജൻസിയുടെ ഓഫീസിലും പരിശോധന നടത്തി. അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കുമെന്ന് ഫ്ലിപ്കാർട്ടിേന്റയും സ്വിഗ്ഗിയുടേയും പ്രതിനിധികൾ അറിയിച്ചു.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാൻ വ്യാജ ഇൻവോയിസുകൾ ഉപയോഗിക്കുന്നതായി നികുതി വകുപ്പ് കെണ്ടത്തിയിരുന്നു. ഇത് തടയുന്നതിനായി പരിശോധനകൾ വ്യാപകമാക്കാൻ ആദായ നികുതി വകുപ്പ് ഉൾപ്പടെ തീരുമാനിച്ചിരുന്നു.